രൌദ്ര ഭാവത്തിലുള്ള ശ്രീ ഭദ്രകാളിയാണ് ഇവിടത്തെ മുഖ്യ പ്രതിഷ്ഠ. ഉപദേവന്മാരായി മുത്തപ്പന്‍, കളിയച്ചന്‍, ഘണ്ടാകര്‍ണന്‍, വീരഭദ്രന്‍, വനദുര്‍ഗ, രക്ഷസ്സ്, ഗണപതി മുതലായവരും ചുറ്റമ്പലത്തിനു പുറത്തായി മണിനാഗം, കരിനാഗം പ്രതിഷ്ഠയുമുണ്ട്. തൊട്ടടുത്തായി വിഷ്ണുമായ മുത്തപ്പന്‍ ക്ഷേത്രവും നില കൊള്ളുന്നു.കൂടാതെ ഹനുമാന്‍ സ്വാമിയുടെ സാന്നിധ്യവും ഈ ക്ഷേത്രത്തില്‍ ഉള്ളതായി ദേവപ്രശ്നത്തില്‍ തെളിഞ്ഞിട്ടുണ്ട്.
ഏകദേശം നാനൂറു വര്‍ഷങ്ങള്‍ക്കു മുമ്പ് അന്നത്തെ നാട്ടു രാജാവിന്‍റ്റെ നിര്‍ദേശാനുസരണം കാടും മലകളും പ്രസിദ്ധമായ ഒരു നദിയുമുള്ള വടക്കേ മലബാറിലെ ഒരു പ്രദേശത്തുനിന്നു കളരിപ്പയറ്റും അഭ്യാസ മുറകളും പരിശീലിച്ച ഒരു കുടുംബക്കാര്‍ ഈ നാട്ടില്‍ വന്നു താമസമാക്കി. കീഴായില്‍ തറവാടുകാരായ ആ കുടുംബക്കാരോടൊപ്പം അവരുടെ കളരി ദേവതയായ ശ്രീ ഭദ്രകാളിയും ഇവിടേക്ക് വന്നെന്നാണ് ഐതിഹ്യം.
ആ കുടുംബത്തിന്റ്റെ പിന്‍മുറക്കാര്‍ തലമുറകളായി ആരാധിച്ചുപോന്ന ക്ഷേത്രം കുറെ വര്‍ഷം മുമ്പ് തകര്‍ക്കപ്പെട്ടു. ക്ഷേത്രാരാധന മുടങ്ങി പിന്നീട് കുറെ വര്‍ഷം കല്ലിലും പീഠത്തിലും സങ്ങല്‍പ്പിച്ചു പല വീടുകളിലായി ആരാധന നടത്തിക്കൊണ്ടിരുന്നു.
ഏകദേശം അമ്പതു വര്‍ഷം മുമ്പ് ഏതാനും തറവാട്ടു കാരണവന്മാരുടെ ശ്രമഫലമായി എപ്പോള്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ചെറിയ ഒരു അമ്പലം പണിയിച്ചു പ്രതിഷ്ഠ നടത്തി ആരാധിച്ചു പോന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ആ ക്ഷേത്രം ജീര്‍ണ്ണവസ്തയിലായി. പല ഭാഗത്തായി താമസിക്കുന്ന കുടുംബാംഗങ്ങള്‍ ചേര്‍ന്ന് പുതിയ ഒരു അമ്പലം പണിയാന്‍ തീരുമാനിച്ചു. നാലു വര്‍ഷം മുമ്പ് അതിനു തുടക്കമിട്ടു. സാമ്പത്തിക പ്രശ്നങ്ങളും അനാസ്ഥയും മൂലം അമ്പലം പണി മുന്നോട്ട് പോകാതായപ്പോള്‍ എല്ലാ കുടുംബക്കാരും ചേര്‍ന്ന് പുതിയൊരു കമ്മറ്റി രൂപീകരിച്ചു. ക്ഷേത്രം പണി ആ കമ്മറ്റി ഏറ്റെടുത്തു. തറവാട്ടു കാരണവരുടെ അനുഗ്രഹവും ആശിര്‍വാദവും വാങ്ങി എല്ലാ കുടുംബാങ്ങളുടെയും കൂട്ടായ്മയോടൊപ്പം ചെറുപ്പക്കാരായ കുറച്ചുപേരുടെയും അധ്വാനവും കണ്ടപ്പോള്‍ ഉദ്ദേശിച്ചതിനപ്പുറം സഹായങ്ങള്‍ വന്നു ചേര്‍ന്നു. അങ്ങനെ ചുരുങ്ങിയ സമയം കൊണ്ട് ആ കമ്മറ്റിക്കാരുടെ വിശ്രമമില്ലാത്ത അധ്വാനത്തിന് ഫലം കണ്ടു - മനോഹരമായ ഒരു ദേവി ക്ഷേത്രം പണി തീര്‍ത്തു.
2009 മെയ് 25 നു രാവിലെ 6 : 28 നു മേത്തല ചെമ്മാലില്‍ നാരായണന്‍കുട്ടി തന്ത്രി പ്രതിഷ്ഠ നിര്‍വഹിച്ചു. ശാന്തിയായി ചെമ്മാലില്‍ C S രമേഷും നിയോഗിക്കപ്പെട്ടു. അതിനു ശേഷം ആദ്യത്തെ ഉത്സവാഘോഷം 2010 ഫെബ്രുവരി 15 , 16 തിയ്യതികളില്‍ നടത്തപ്പെടുന്നു. ഞങ്ങളോട് സഹകരിക്കുകയും ഞങ്ങളെ സഹായിക്കുകയും ചെയ്ത എല്ലാവരോടും ഞങ്ങള്‍ നന്ദി രേഖപ്പെടുത്തുന്നു.
ഇപ്പോഴത്തെ തറവാട്ടു കാരണവര്‍ :
കീഴായില്‍ കൃഷ്ണന്‍ സുബ്രമണ്യന്‍, വള്ളിവട്ടം